കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികള്‍ക്ക് ഉത്തരവിടാന്‍ അധികാരമില്ലെന്നു ഹൈക്കോടതി.
കുടിയൊഴിപ്പിക്കല്‍ പോലുള്ള കാര്യങ്ങള്‍ സിവില്‍ കോടതിയുടെ അധികാരമാണ്. ഇത്തരം അധികാരത്തില്‍ കൈകടത്താന്‍ കമ്മീഷനു കഴിയില്ലെന്നും ജസ്റ്റീസ് എസ്. ഈശ്വരന് വ്യക്തമാക്കി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് പുറപ്പെടുവിച്ച കുടിയിറക്കല്‍ ഉത്തരവിനെതിരേ മലപ്പുറം സ്വദേശി മൊയ്തീന്‍കുട്ടി നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. കമ്മീഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നു വിലയിരുത്തിയ കോടതി, ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
രജിസ്ട്രേഷന് നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞുനല്കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി അബ്ദുള്‍ സലാം നല്കിയ പരാതിയിലാണ് ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവുണ്ടായത്. നിയമത്തിന്റെ ആമുഖത്തില്‍ തന്നെ ന്യൂനപക്ഷ കമ്മീഷൻ രൂപീകരണത്തിന്റെ ലക്ഷ്യങ്ങള്‍ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം, ക്ഷേമം, സംരക്ഷണം, ശക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ന്യൂനപക്ഷ കമ്മീഷനെ നിയമിച്ചിട്ടുള്ളത്. നിശ്ചിത വിഷയങ്ങളില്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കാനുള്ള അധികാരം മാത്രമാണു കമ്മീഷനുള്ളത്.
പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്തശേഷവും സ്ഥലം ഒഴിഞ്ഞുനല്കുന്നില്ലെങ്കില് പരാതിക്കാരന് സിവില്‍ കോടതിയെ സമീപിക്കുകയാണു വേണ്ടിയിരുന്നത്. എന്നാല്‍, സിവില്‍ സ്വഭാവത്തിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പരാതിക്കാരന് സമീപിച്ചത് ന്യൂനപക്ഷ കമ്മീഷനെയാണ്. ഇത്തരമൊരു പരാതി ന്യൂനപക്ഷ കമ്മീഷന് പരിഗണിക്കരുതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.